ന്യൂഡൽഹി: പശ്ചിമേഷ്യയിൽ അശാന്തി പരത്തി ആക്രമണങ്ങൾ തുടരുന്നതിനിടെ സൗദി ഭരണാധികാരി മുഹമ്മദ് ബിൻ സൽമാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി. സൗദി അറേബ്യയ്ക്കെതിരേ നടന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു.
സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമായാണ് മോദി ആക്രമണത്തെ വിശേഷിപ്പിച്ചത്. സൗദിക്ക് എല്ലാ തരത്തിലുള്ള പിന്തുണയും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
പശ്ചിമേഷ്യയിൽ സമാധാനം പുലരാൻ എല്ലാവരും സംയമനം പാലിക്കണമെന്ന് മോദി നിർദ്ദേശിച്ചു. ഇന്ത്യൻ സമൂഹത്തിന് സൗദി നൽകുന്ന പരിഗണനയ്ക്കും സുരക്ഷിതത്വത്തിനും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
നേരത്തെ ബഹറിൻ ഭരണാധികാരിയുമായും മോദി ടെലിഫോണിൽ സംസാരിച്ച് ഇന്ത്യയുടെ പിന്തുണ അറിയിച്ചിരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ പ്രധാനമന്ത്രി ആശങ്ക അറിയിക്കുകയും ചെയ്തു.